ആസാദ് കശ്മീര്‍ വിവാദ പരാമര്‍ശത്തില്‍ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ എഫ്‌ഐആർ.. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിട്രേറ്റ് കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് കീഴ്‌വായ്പൂര്‍ പൊലീസാണ് എഫ്‌ഐആർ ഇട്ടത്. ദേശീയ മഹിമയെ അവഹേളിക്കൽ നിയമപ്രകാരമാണ് കേസ്. IPC 153 (B) സെഷൻ 2 പ്രകാരമാണ് കേസ്.
ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്‍ നല്‍കിയ പരാതിയിലാണ് നടപടി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്താവനയാണ് വിവാദമായത്. പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്.
കെ.ടി ജലീൽ ഇന്ത്യൻ പൗരനായിരിക്കെ രാജ്യത്ത് നിലവിലുള്ള ഭരണഘടനയെ അപമാനിക്കണമെന്നും രാജ്യത്ത് കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി ഓഗസറ്റ് 12ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യൻ ഭരണഘടനയുടെ കീഴിലുള്ള ജമ്മു കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും അയൽ രാജ്യമായ പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈയടക്കി വച്ചിരിക്കുന്ന കശ്മീർ ഭാഗങ്ങളെ ആസാദ് കശ്മീർ എന്നും പ്രകോപനപരമായി വിശേഷിപ്പിച്ച് ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിച്ച് പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.
















