ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ആർഎസ്എസ് നേതാവ് അരുൺ മോഹൻ നൽകിയ ഹർജിയിലാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിട്രേറ്റ് കോടതിയുടെ ഉത്തരവ്. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അരുൺ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്താവനയാണ് വിവാദമായത്. കശ്മീരിലേക്ക് നടത്തിയ യാത്രയെ കുറിച്ച് വിവരിക്കുന്നതാണ് ജലീലിന്റെ പോസ്റ്റ്. കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. വിവാദമായതോടെ ജലീൽ പോസ്റ്റ് പിൻവലിച്ചു. പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്.
















