മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അടുത്ത അനുയായിയുടെ മകള്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ ഫിലോസഫര്‍ അലക്സാണ്ടര്‍ ദുഗിന്റെ മകള്‍ മുപ്പതുകാരിയായ ദര്യ ദുഗിനയാണ് കൊല്ലപ്പെട്ടത്.
മോസ്കോയ്ക്കുസമീപം ഹൈവേയില്‍വച്ച് ദര്യ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അലക്സാണ്ടർ ദുഗിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മോസ്കോയിൽ നടന്ന ചടങ്ങില്‍ അതിഥികളായി അലക്സാണ്ടര്‍ ദുഗിനെയും ദര്യ ദുഗിനയെയും ക്ഷണിച്ചിരുന്നു.
പരിപാടിക്കുശേഷം ഇരുവരും ഒരുമിച്ച് മടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം അലക്സാണ്ടര്‍ ദുഗിന സുഹൃത്തിനൊപ്പം യാത്ര തിരിക്കുകയായിരുന്നു.
2014 മുതൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പുട്ടിന്റെ തലച്ചോറായി പ്രവർത്തിച്ചത് അലക്സാണ്ടറാണ്. ‘പുട്ടിന്റെ റാസ്പുടിൻ’ എന്നാണ് അലക്സാണ്ടർ അറിയിപ്പെട്ടത്. എന്നാൽ യുക്രെയ്നോ അവരുടെ ഏജന്റുമാരോ ആണ് ഈ സ്ഫോടനത്തിനു പിന്നിലെന്നതിന് പ്രത്യക്ഷ തെളിവുകളൊന്നുമില്ല. ഡാരിയയുടെ മരണത്തെ തുടർന്ന് കോപാകുലരായ പുട്ടിൻ അനുകൂലികളും എത്രയും പെട്ടെന്ന് യുക്രെയ്നെ ആക്രമിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വൻ തോതിൽ മിസൈൽ ആക്രമണം അഴിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെടുന്നു. യുക്രെയ്നെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ മറ്റു പുട്ടിൻ അനുകൂലികളും വധിക്കപ്പെടുമെന്നും ഇവർ പറയുന്നു.
















