തനിക്കെതിരായ ഗൂഢാലോചനക്കേസുകള്‍ റദ്ദാക്കണമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ആവശ്യം തള്ളിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നത്. റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.
കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാന്‍ സ്വപ്നയോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസുകള്‍ റദ്ദാക്കാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
















