ആഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക. 25,26, 27 തീയതികളിൽ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും 29,30,31 തീയതികളിൽ നീല നിറ കാര്‍ഡുള്ളവര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യും.സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് കിറ്റുകള്‍ നൽകും.
ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം 22ന് വൈകീട്ട് തിരുവനന്തപുരത്ത് ആണ് നടക്കുകയെന്നും ജില്ലാ കേന്ദ്രങ്ങളില്‍ വിതരണോദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികള്‍ നിര്‍വഹിക്കുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.
നിശ്ചിത തീയതികളില്‍ ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വാങ്ങാന്‍ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല. റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് റേഷന്‍ കടയില്‍ നിന്നുതന്നെ കിറ്റുകൾ വാങ്ങാന്‍ ശ്രമിക്കണം. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക.
നേന്ത്രക്കായ ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാര്‍ പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിര്‍മ്മാണവും പാക്കിങ്ങും നടന്നത്.
















