കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡിയുടെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജി ഹൈക്കോടതി മാറ്റിവച്ചു. സെപ്റ്റംബർ രണ്ടിലേക്കാണ് ഹർജി മാറ്റിയത്. ജസ്റ്റീസ് വി.ജി. അരുണ്‍ ആണ് ഹർജി മാറ്റിയത്.
ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇഡി താൻ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഐസക്കിന്റെ വാദം. സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിവരങ്ങൾ തേടുകയെന്ന ഉദ്ദേശ്യത്തിലാണ് സമൻസ് അയച്ചതെന്നും പ്രതിയായിട്ടല്ല തോമസ് ഐസക്കിനെ വിളിപ്പിച്ചതെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ ഇഡി കോടതിയെ അറിയിച്ചിരുന്നു.
അതിനിടെ മസാല ബോണ്ട് കേസിൽ ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ബോണ്ട് വിതരണം റിസർവ് ബാങ്കിന്റെ അനുമതിയോടെയായിരുന്നു നടന്നതെന്നും ഫെമ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കിഫ്ബി പറഞ്ഞിരുന്നു.
















