തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മുൻ എംപി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു. പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. പ്രിയക്ക് ജോലിക്ക് അർഹതയുണ്ടെന്ന കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ശിപാർശ ഗവർണർ തള്ളി.
ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. നിയമനവുമായി ബന്ധപ്പെട്ട് ഇനി ഒരു നടപടിക്രമങ്ങളും എടുക്കരുതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗവർണർ നിർദേശം നൽകി. താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു.
സർവകലാശാല മലയാളം ഡിപ്പാർട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു.
സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നതെന്നായിരുന്നു ഇന്ന് വിസി പറഞ്ഞത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകും. ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ ഗോപിനാഥൻ രവീന്ദ്രൻ പറഞ്ഞു.
















