തിരുവനന്തപുരം: സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ബൃഹദ്സ്ഥാപനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ നടപടികൾ ആരംഭിച്ചതായും രാജ്യത്തെ ആദ്യ സംരംഭമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം
അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോൾ ചെലവാകുന്നത്. ഇതിനായി ചിലർ വലിയ ചാർജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക സ്ഥാപനം തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യ സംരംഭമാണു സർക്കാർ തുടങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പണം ഇല്ലാത്തത്‌കൊണ്ട് ആർക്കും ചികിത്സ ലഭിക്കാതിരിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗിക്ക് അപകടം സംഭവിച്ചാൽ ആശുപത്രിയിൽ അക്രമം നടത്തുന്ന പ്രവണത ഒറ്റപ്പെട്ടത് ആണെങ്കിലും അത് കൂടി വരുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും കയ്യേറ്റം ചെയ്യുന്നവർക്ക് മുഖ്യമന്ത്രി താക്കീതു നൽകി. അർപ്പിതമായ ദൗത്യം ഉത്തരവാദിത്തത്തോടെ നിർവഹിക്കാൻ ഒരോരുത്തരും സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ പരിശോധനകളിൽ നോട്ടപ്പിശക് ഉണ്ടായാൽ വലിയ അപകടമുണ്ടാകുമെന്നും പിന്നീട് കുറ്റബോധം തോന്നിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
കോവിഡ് മറ്റു പല സ്ഥലങ്ങളിലും ആരോഗ്യ മേഖലയെ മുട്ടുകുത്തിച്ചെങ്കിലും കേരളത്തിനു നല്ല രീതിയിൽ എഴുന്നേറ്റു നിൽക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
















