പാലക്കാട്: ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി വിധി പറയാൻ മാറ്റി. ഈ മാസം ഇരുപതിന് കേസിൽ മണ്ണാർക്കാട് എസ്സി-എസ്ടി കോടതി വിധി പറയും. ഹർജിയിൽ വാദം പൂർത്തിയാക്കിയാണ് കേസ് വിധിപറയാൻ മാറ്റിയത്.
പ്രതികൾ ഹൈക്കോടതി നിർദേശിച്ച ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു.
















