കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇന്നലെ രാത്രി ചാടിപ്പോയത്. കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ട്രെയിൻ മാർഗം മംഗലാപുത്ത് എത്തിയ വിനീഷ് അവിടെനിന്നാണ് ധർമസ്ഥലയിലെത്തിയത്. ഇവിടെ വാഹനം മോഷ്ടിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു.
ഇന്നലെ രാത്രിയാണ് ഫോറന്‍സിക് വാര്‍ഡില്‍ നിന്ന് തടവുകാരനായ വിനീഷ് പുറത്തുകടന്നത്. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ പ്രതി. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
കഴിഞ്ഞദിവസം ഒരന്തേവാസിയുടെ വിരലില്‍ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാന്‍ അഗ്നിരക്ഷ സേന കുതിരവട്ടത്ത് എത്തിയിരുന്നു. ഈ സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടത് എന്നാണ് പോലീസ് നിഗമനം. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തിരികെപോയിട്ടും വാതിൽ പൂട്ടുന്നതിൽ വീഴ്ചപറ്റിഎന്നും വിവരമുണ്ട്.
സുരക്ഷാ വീഴ്ച ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ കുതിരവട്ടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു.
















