കൊളംബോ: ചൈനീസ് ചാരക്കപ്പല്‍ യുവാൻ വാങ്-5ന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക. ചൈനീസ് കപ്പല്‍ ലങ്കന്‍ തീരത്തെത്തുന്നതില്‍ ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ വകവെയ്ക്കാതെയാണ് ശ്രീലങ്കയുടെ നടപടി. കപ്പലിന് ഓഗസ്റ്റ് 16 മുതല്‍ 22 വരെ ശ്രീലങ്കയില്‍ ചൈനീസ് മേല്‍നോട്ടത്തിലുള്ള ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ശ്രീലങ്കന്‍ ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മല്‍ പി. സില്‍വ വ്യക്തമാക്കി.
എന്തുകൊണ്ട് അനുമതി നല്‍കരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.
ഹംബൻതോട്ട തുറമുഖത്ത് ഓഗസ്റ്റ് 11നു കപ്പൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ സമ്മർദത്തെ തുടർന്നു കപ്പലിനു പ്രവേശനാനുമതി നൽകുന്നത് നീളുകയായിരുന്നു. കിഴക്കൻ ഹംബൻതോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെയെത്തിയ കപ്പൽ തുറമുഖത്തേക്കുള്ള പ്രവേശനാനുമതിക്കായി കാത്തിരിക്കുകയാണെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹംബൻതോട്ട തുറമുഖത്തിന്റെ ചുമതല ചൈനീസ് കമ്പനിക്കാണെന്നും കപ്പലിന്റെ ഗതി നിർണയിക്കുന്നതും ഓപ്പറേഷനൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതും അവരാണെന്നും ശ്രീലങ്ക പോർട്സ് അതോറിറ്റി (എസ്എൽപിഎ) അറിയിച്ചിരുന്നു.
സാങ്കേതികമായി വളരെ പുരോഗമിച്ച ചൈനയുടെ സ്‌പേസ് ട്രാക്കിംഗ് കപ്പലാണ് യുവാന്‍ വാങ്-5. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ആണ് ഹംബന്‍തോട്ട തുറമുഖ യാര്‍ഡില്‍ കപ്പല്‍ എത്തുന്നത്. കപ്പല്‍ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ സംഭരിക്കാനും വിശകലനം ചെയ്യാന്‍ ചാരക്കപ്പലിന് കഴിയുമെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
















