കൊച്ചി: ചെലവന്നൂരില്‍ കാര്‍ യാത്രികരായ യുവാക്കളുടെ ദേഹത്ത് ടാര്‍ ഒഴിച്ചെന്ന സംഭവത്തില്‍ വഴിത്തിരിവ്. യുവാക്കളും റോഡ് നിര്‍മാണ തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ത്തിനിടെ ടാര്‍ അബദ്ധത്തില്‍ ദേഹത്ത് വീഴുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.
യാതൊരു പ്രകോപനവുമില്ലാതെ തൊഴിലാളികള്‍ തങ്ങളുടെ ദേഹത്ത് ടാര്‍ ഒഴിച്ചെന്നായിരുന്നു യുവാക്കളുടെ ആരോപണം. സംഭവത്തില്‍ കാർ യാത്രക്കാര്‍ക്ക് എതിരെയും കേസ്. റോഡ് പണിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ ടാറിംഗ് തൊഴിലാളിയായ കൃഷ്ണപ്പനെ കൊച്ചി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യാശ്രമം, ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് കൃഷ്ണപ്പയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊള്ളലേറ്റവരുടെ പരാതിയിൽ 4 പേർ ചേർന്നാണ് ആക്രമിച്ചതെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് അന്വേഷണത്തിൽ കൃഷ്ണപ്പക്കല്ലാതെ മറ്റ് തൊഴിലാളികൾക്ക് ആക്രമണത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത കൃഷ്ണപ്പ ഓഴികെയുള്ള ഏഴ് പേരെയും ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. കാർ യാത്രക്കാരാണ് തന്നെ ആദ്യം ആക്രമിച്ചതെന്നും ഈ സമയത്ത് കൈയ്യിലുള്ള ടാർ പാത്രം ഇവരുടെ ദേഹത്ത് തെറിച്ച് വീഴുകയായിരുന്നുവെന്നുമാണ് കൃഷ്ണപ്പ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.
ടാര്‍ ശരീരത്തില്‍ വീണാലുണ്ടാകുന്ന അവസ്ഥയെ കുറിച്ച് നന്നായി അറിയാമെന്നതിനാല്‍ തങ്ങളൊരിക്കലും മറ്റൊരാളുടെ മേല്‍ അതൊഴിക്കില്ലെന്ന് തൊഴിലാളികളും പറയുന്നു. കാറിലെത്തിയവര്‍ മദ്യപിച്ചിരുന്നതായുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
















