‘മൈക്ക്’ എന്ന ചിത്രത്തിലെ ‘മൂവ് യുവർ ബോഡി’ എന്ന ഡാൻസ് നമ്പർ പുറത്തിറങ്ങി. ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘മൈക്ക്’. അനശ്വര രാജൻ നായികയായി എത്തുന്ന ചിത്രമാണ്.
എമ്മി അവാർഡ് നോമിനിയും പ്രമുഖ ഹിപ്-ഹോപ്പ് ഗ്രൂപ്പായ കിംഗ്‍സ് യുണൈറ്റഡ് ഇന്ത്യയുടെ ഡയറക്ടറുമായ സുരേഷ് മുകുന്ദാണ് ഗാനത്തിന്റെ നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഹിഷാം അബ്‍ദുൾ വഹാബാണ്, വിനായക് ശശികുമാർ എഴുതിയ ഗാനം സിദ്ധാർത്ഥ് മേനോനാണ് ആലപിച്ചത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘മൈക്കി’ലെ ‘ലഡ്‍കി’ എന്ന ഗാനം ഒരു മില്യൺ കാഴ്ചക്കാരുമായി വൈറലാകുകയാണ്. വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാറ എന്ന പെൺകുട്ടിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രം പറയുന്നത്. ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
















