തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ നിശ്ചിത സമയത്ത് നിയമസഭയിൽ വെക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആറാഴ്ചയോളം സര്‍ക്കാര്‍ പാഴാക്കി. കോടതി വിധി പഠിച്ച ശേഷമാണ് ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവെക്കാതിരുന്നത്, ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. ഫയലുകള്‍ ഒരുമിച്ച് വന്നാല്‍ ഒപ്പിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഓർഡിനൻസ് നിയമമാക്കാനുള്ള സർക്കാർ തീരുമാനം സന്തോഷകരവും തൃപ്തികരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇനി ഈ ഓർഡിനൻസുകൾ സഭയുടെ മേശപ്പുറത്ത് വരുമെന്നും അതാണ് ശരിയായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഒരു പരാതിയല്ല, ഒട്ടേറെ പരാതികൾ ഉയർന്നു. കണ്ണൂർ സർവകലാശാലയിൽ ചട്ടലംഘനങ്ങൾ പതിവായിരിക്കുകയാണ്. സർവകലാശാലയിലെ പ്രശ്നങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. കിട്ടിയാലുടൻ നടപടിയെടുക്കും. കണ്ണൂർ സർവകലാശാലയെ നശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന് തിരുവനന്തപുരത്തെ ആദിവാസി ഊരുകളിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സർക്കാർ അയച്ച 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാതിരുന്നതോടെ ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാരിന്റെ ഇതിനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചു. ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകൾ ഗവർണർ സർക്കാരിന് തിരിച്ചു നൽകി.
















