കോഴിക്കോട്: കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പരസ്യം സംബന്ധിച്ച വിവാദം തള്ളി മന്ത്രി മുഹമ്മദ് റിയാസ്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു.
“സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിന് എതിരല്ല. ക്രിയാത്മകമായ വിമര്‍ശനങ്ങളുണ്ടാകും. ഇതൊരു സിനിമയല്ലേ, സിനിമയുടെ പരസ്യമല്ലേ, അതിനെ അങ്ങനെ കണ്ടാല്‍ മതി.
എണ്‍പതുകളില്‍ ഒരു സിനിമ വന്നിട്ടുണ്ട്. വെള്ളാനകളുടെ നാട്. ആ സിനിമയില്‍ റോഡ് റോളറുമായി ബന്ധപ്പെട്ടു കുതിരവട്ടം പപ്പു പറയുന്ന ഡയലോഗ് ഇപ്പോഴും പറയാറില്ലേ. ഇതെന്തായാലും പരസ്യമായി കണ്ടാല്‍ മതി.” – അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
റോഡുകളെ സംബന്ധിച്ച പ്രശ്നം പരിഹരിക്കപ്പെടണം എന്നു തന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ആഗ്രഹം. അതിനു വേണ്ടി പല തലത്തിലുള്ള ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ശരിയായ ഡ്രയ്നേജ് സംവിധാനം വേണം. കാലാവസ്ഥയുടെ പ്രശ്നമുണ്ട്. റോഡില്‍ ചെലവഴിക്കേണ്ട തുക റോഡില്‍ ചെലവഴിക്കാതെ പോവുകയാണ്. അതു വച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. അത്തരം പ്രവണതകളോട് ഒരു തരത്തിലും സന്ധി ചെയ്യാതെ പോകുന്ന സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു.
ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം.’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമർശനം ഉയർന്നത്. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്.
















