കോട്ടയം: കോട്ടയം പാമ്പാടിക്ക് അടുത്ത് കൂരോപ്പടയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഫാദർ ജേക്കബ് നൈനാൻ എന്ന വൈദികന്റെ മകൻ ഷൈനോ നൈനാൻ ആണ് അറസ്റ്റിലായത്. കുറ്റം സമ്മതിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മോഷണം നടത്തിയത് കുടുംബാംഗം തന്നെയെന്ന് പൊലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. എന്നാല്‍, മോഷണം നടന്ന സമയത്ത് ഷൈനോയുടെ ഫോണ്‍ ഫ്ലൈറ്റ് മോഡിലായിരുന്നു എന്ന കണ്ടെത്തലാണ് നിര്‍ണായകമായത്. കടബാധ്യതകൾ പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന് മൊഴി നൽകി.
തൃക്കോതമംഗലം സെന്റ് മേരീസ് ബത്ലഹേം പള്ളി വികാരിയായ പൂളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകീട്ട് വൻ കവർച്ച നടന്നത്. വീടിനെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് മോഷ്ടാവെന്ന നിഗമനത്തിൽ കുടുംബവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. എന്നാൽ, ഇന്നു വൈകീട്ടോടെ പ്രതിയും വൈദികന്റെ മകനുമായ ഷൈൻ നൈനാൻ അച്ഛനോട് കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് വൈദികനും മകനും പൊലീസിനോട് വിവരം വെളിപ്പെടുത്തി.
പ്രതിയെ പാമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വർണം വച്ച കടയിൽ പ്രതിയുമായി തെളിവെടുപ്പ് നടന്നു. സാമ്പത്തിക ബാധ്യത തീർക്കാനാണ് മോഷണം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണം സൂക്ഷിച്ച അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. താക്കോൽ ഇരിക്കുന്ന സ്ഥലവും മോഷ്ടാവിന് കൃത്യമായി അറിയാമായിരുന്നു. എല്ലാ ചൊവ്വാഴ്ചയും ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയിൽ പ്രാര്‍ത്ഥനയ്ക്ക് പോകാറുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന വീടുമായി ബന്ധമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് തുടക്കം മുതലെ സംശയം ഉണ്ടായിരുന്നു. മോഷണം പോയ സ്വർണത്തിന്റെ ഒരു ഭാഗം പിന്നീട് വീടിനു സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. വീട്ടിനകത്ത് തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തിയിരുന്നു.
ഷൈനോയുടെ കടബാധ്യതകളെ കുറിച്ച് വിവരം ലഭിച്ചത് നിര്‍ണായമായി. കടബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന് മൊഴി നൽകി.
















