കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം. ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളാണെന്നും കോടതിയെ കബിളിപ്പിക്കാൻ ശ്രമിക്കരുതെന്നും വിമർശനം ഉയർന്നു. കോടതി നടപടി ക്രമങ്ങളിൽ പങ്കെടുക്കാതെ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങി നടക്കുകയാണെന്നും ജഡ്ജി വിമർശിച്ചു.
കോടതിയിലെ രഹസ്യ രേഖകൾ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണ് ഉദ്യോഗസ്ഥനെന്നാണ് മറ്റൊരു വിമർശനം. നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നൽകുന്നുവെന്നും കോടതി പറഞ്ഞു.
ഇന്ന് വിചാരണ നടപടികളുടെ ഭാഗമായി ഹരജി പരിഗണിക്കവേയാണ് സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന്‍റെ വിമര്‍ശനം. കോടതി നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇതിനിടെ വിചാരണ നടത്തുന്ന ജഡ്ജി മാറണമെന്നാവർത്തിച്ച് പ്രോസിക്യൂഷനും അതിജീവിതയും ഇന്നും കോടതിയില്‍ നിലപാടെടുത്തു. കേസ് നേരത്തെ പരിഗണിച്ചുകൊണ്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ജഡ്ജി മാറണമെന്ന ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. ഹൈക്കോടതിയുടെ നിർദേശത്തെ കീഴ്ക്കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. ഹൈക്കോടതിയാണ് കേസ് സെഷന്‍സ് കോടതി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും പ്രതിഭാഗം അറിയിച്ചു. ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അതേസമയം, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടിസയച്ചു. ദിലീപ് തെളിവുകള്‍ നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തുവെന്നാണ് പരാതി.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കേരളാ ജനപക്ഷം നേതാവ് പി സി ജോര്‍ജ് രംഗത്തെത്തി. കേസിനെ തുടര്‍ന്ന് അതിജീവിതയ്ക്ക് കൂടുതല്‍ സിനിമകളില്‍ അവസരം ലഭിച്ചു. അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു. നടിക്ക് മാത്രമാണ് കേസ് കൊണ്ട് ഗുണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പരാമര്‍ശം.
വ്യക്തി ജീവിതത്തില്‍ നടിക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ കേസിനെ തുടര്‍ന്ന് പൊതുമേഖലയില്‍ അവര്‍ക്ക് ലാഭം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് പിസി ജോര്‍ജ് രോക്ഷം പ്രകടിപ്പിക്കുകയും ചെയ്തു.
















