അട്ടപ്പാടി മധു കൊലക്കേസില്‍ അതിവേഗ വിസ്താരം ഇന്ന് മുതൽ ആരംഭിക്കും. കേസിലെ 25 മുതല്‍ 31 വരെയുള്ള ഏഴ് സാക്ഷികളെയാണ് വിസ്തരിക്കുക. ദിവസേന അഞ്ച് പേരെ വെച്ച് വിസ്തരിച്ച് വിചാരണ നടപടികള്‍ വേഗത്തിലാക്കാനാണ് നീക്കം. പാലക്കാട് മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയിലാണ് സാക്ഷി വിസ്താരം.
പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും.സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറിയിരുന്നു.
ഇരുപത്തി ഏഴാം സാക്ഷി സെയ്ദതലവി, ഇരുപത്തി എട്ടാം സാക്ഷി മണികണ്ഠന്‍, ഇരുപത്തി ഒമ്പതാം സാക്ഷി സുനില്‍ കുമാര്‍, മുപ്പതാം സാക്ഷി താജുദ്ദീന്‍, മുപ്പത്തി ഒന്നാം സാക്ഷി ദീപു എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക. കൂടാതെ കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിന്‍ ഡ്രൈവര്‍മാരായ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തി ആറാം സാക്ഷി ജയകുമാര്‍ എന്നിവരടക്കം ഏഴുപേരെ കോടതി വിസ്തരിക്കും.
















