കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാന്‍റെ (ടിടിപി) മൂന്ന് മുൻനിര കമാൻഡർമാർ കൊല്ലപ്പെട്ടു. അബ്ദുൽ വാലി എന്ന ഒമർ ഖാലിദ് ഖൊറസാനി, ഹാഫിസ് ദൗലത്, മുഫ്‌തി ഹസ്സൻ എന്നിവർ ഞായറാഴ്ച രാത്രി അഫ്ഗാൻ പ്രവിശ്യയായ പക്‌ടികയിലെ ബിർമൽ ജില്ലയിലുണ്ടായ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
മൂവരും സഞ്ചരിച്ച കാറിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കൊടുംകുറ്റവാളിപ്പട്ടികയിൽ ഉൾപ്പെട്ട ഖൊറസാനിയുടെ വിവരങ്ങൾ നൽകുന്നവർക്ക് മൂന്ന് ദശലക്ഷം ഡോളറാണ് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്.
ഖൊറസാനിയുടെ മരണവാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ കനത്ത ജാഗ്രതയിലാണ്. ചിലയിടങ്ങളിൽ മൊബൈൽ ശൃംഖല തടസപ്പെട്ടു. ഇന്റർനെറ്റ് അനുബന്ധ സേവനങ്ങൾ തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സമാധാന ചർച്ചകൾക്കായി ടിടിപി നേതൃത്വവുമായി പാക്ക് അധികൃതർ ചർച്ച നടത്തുമെന്ന വാർത്തകൾക്കിടെയാണ് സ്ഫോടനത്തിൽ ഇവർ കൊല്ലപ്പെട്ട വാർത്ത എത്തുന്നത്. രണ്ടു മാസമായി പാക്കിസ്ഥാൻ സൈന്യവും ടിടിപി നേതൃത്വവും തമ്മിൽ വെടിനിർത്താൻ ധാരണയുണ്ടായിരുന്നു. പാക്കിസ്ഥാനി താലിബാന്റെ മൊഹ്‌മന്ദ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നയാളാണ് ഖൊറസാനി. സമീപകാലത്തെ പല വലിയ ആക്രമണങ്ങൾക്കു പിന്നിലും ഇയാളുടെ പേരും ഉൾപ്പെട്ടിരുന്നു.
















