ദേശീയ പാത അതോറിറ്റിയ്ക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ദേശീയ പാതകൾ ഒരാഴ്ച്ചയ്ക്ക് അകം നന്നാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കളക്ടർമാർ കാഴ്ച്ചക്കാരാകരുതെന്നും സജീവമായി പ്രവർത്തിക്കണം എന്നും കോടതി നിർദേശിച്ചു. ഏത് റോഡായാലും കേടായാൽ കളക്ടർ ഇടപെടണമെന്നും കോടതി പറഞ്ഞു.
റോഡ് അപകടങ്ങൾ മനുഷ്യ നിർമ്മിത ദുരന്തങ്ങളാണെന്നും കോടതി വിമർശിച്ചു. മഴയാണ് കാരണമെന്ന് ഇനി പറയരുതെന്നും എത്ര ജീവനുകൾ ഇനിയും നഷ്ടമാകണമെന്നും കോടതി ചോദിച്ചു. ജനങ്ങളെ റോഡിൽ മരിക്കാൻ വിടാനാകില്ലെന്നും ദുരന്തമുണ്ടായതിന് ശേഷമല്ല നടപടി വേണ്ടതെന്നും കോടതി വിമർശിച്ചു.
മഴയായത് കൊണ്ടാണ് പലപ്പോഴും റോഡ് നന്നാക്കാൻ വൈകുന്നതെന്നാണ് എപ്പോഴും പറയുന്ന കാരണം. കേരളത്തിൽ മാത്രമാണോ ഇത്തരത്തിൽ മഴ പെയ്യുന്നതെന്നും കോടതി ചോദ്യമുയർത്തിയിരുന്നു.
















