കൊളംബിയയിലെ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റായി ഗുസ്താവോ പെട്രോ അധികാരമേറ്റു. കൊളംബിയയിലെ എം-19 ഗറില്ല ഗ്രൂപ്പിലെ മുന്‍ അംഗമായിരുന്നു. ആഭ്യന്തര കലഹങ്ങളാല്‍ അസ്വസ്ഥത നിറഞ്ഞ രാജ്യത്ത് അസമത്വത്തിനെതിരെ പോരാടുമെന്നും സമാധാനം കൊണ്ടുവരുമെന്നും പെട്രോ വാഗ്ദാനം ചെയ്തു.
ജൂണില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം എന്ന നിലയില്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയാണ് നടന്നത്. അക്രമവും ദാരിദ്ര്യവും നേരിടാന്‍ കൊളംബിയയ്ക്ക് ‘രണ്ടാം അവസരം’ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
കമ്പോളസൗഹൃദ സമ്പദ്വ്യവസ്ഥയിലെ മാറ്റങ്ങള്‍ വാഗ്ദാനം നല്‍കിയ കൊളംബിയയിലെ യാഥാസ്ഥിതിക പാര്‍ട്ടികളെ ജനം തള്ളി. ദീര്‍ഘകാല അസമത്വങ്ങള്‍ അവസാനിപ്പിക്കാനും രാജ്യത്തെ ഏറ്റവും ദുര്‍ബലരായവരുമായി ‘ഐക്യദാര്‍ഢ്യം’ ഉറപ്പാക്കാനും ശ്രമിക്കുന്ന സാമ്പത്തിക നയങ്ങള്‍ തന്റെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തു.രാജ്യത്തുടനീളമുള്ള സായുധ സംഘങ്ങളുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തയ്യാറാണെന്നും പെട്രോ അറിയിച്ചു.
















