ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് വേണ്ടി നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ വികസന കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഉടനടി അംഗീകാരം നൽകണമെന്ന് കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങളെ അടക്കം ജി എസ് ടി പരിധിയിൽ കൊണ്ടുവന്ന തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണം. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് നിയമ പരിഹാരം ഉണ്ടാക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനുള്ള വായ്പ പരിധി കൂട്ടണമെന്നും ദേശീയ പാതാ വികസനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും, ബിജെപിയുമായുള്ള ഭിന്നതയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗം ബഹിഷ്ക്കരിച്ചിരുന്നു. മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനങ്ങളിലെ സാമ്പത്തിക സാഹചര്യം, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍, കൊവിഡ്, മങ്കിപോക്സ് വ്യാപനത്തിനിടയിലെ ആരോഗ്യമേഖലയിലെ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് നീതി ആയോഗ് ചർച്ച നടത്തിയത്.
















