തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായതോടെ ഇറാഖിൽ ജനകീയ പ്രക്ഷോഭം. ഷിയാ നേതാവ് മുഖ്തദ അൽ സദ്റിന്റെ അനുയായികൾ ഇറാഖ് പാർലമെൻറ് കെട്ടിടം കയ്യേറി ഇന്നലെ വൈകിട്ട് മുതൽ അർധരാത്രി വരെ പാർലമെൻ്റ് കെട്ടിടത്തിൽ തുടർന്നു. പിരിഞ്ഞുപോകാൻ സർക്കാർ ആഹ്വാനം നൽകിയെങ്കിലും ഇറാൻ അനുകൂലിയായ പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഹമ്മദ് ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. മുഖ്തദ അൽ സദ്റിന്റെ ആഹ്വാനത്തെ തുടർന്നാണ് പ്രക്ഷോഭകർ പാർലമെൻ്റ് കെട്ടിടം ഒഴിഞ്ഞത്.
പ്രക്ഷോഭകർ എത്തിത്തുടങ്ങിയ ഘട്ടത്തിൽ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുകയും ഇവരെ തടയുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് സൈന്യം പ്രതിഷേധക്കാർക്ക് ഒത്താശ ചെയ്യുകയായിരുന്നു എന്നാണ് സൂചന.
രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഖ്തദ അല്‍ സദറിന്റെ രാഷ്ട്രീയ സഖ്യത്തിനു അധികാരമേല്‍ക്കാനായില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 9 മാസമായി രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയായിരുന്നു.