മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊവിഡിന് ശേഷം ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്ന ആദ്യ രോഗമാണ് മങ്കിപോക്സ്. മങ്കിപോക്സ് അടിയന്തിര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് രോഗത്തെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു കൊണ്ട് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അസാധാരണമായ രോഗപ്പകർച്ച പ്രകടമായാലോ രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത ഉണ്ടെങ്കിലോ രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം അത്യാവശ്യം ആണെങ്കിലോ ആണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത്. കൊവിഡിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനയ്ക്ക് പുറത്ത് 82 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മങ്കിപോക്സ് രോഗികളിൽ 70 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിലുള്ളവരാണ്. ഇതുവരെയായും 72 രാജ്യങ്ങളിലാണ് മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
















