മലപ്പുറം: യുഎഇ ഭരണാധികാരിക്ക് താൻ ഒരു കത്തും അയച്ചിട്ടില്ലെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. തന്റെ ഇ മെയിൽ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വാദം തള്ളിയാണ് ജലീൽ രംഗത്തെത്തിയത്.
സ്വർണക്കടത്തിൽ തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ചില വാർത്തകൾ ശ്രദ്ധയിൽ പെടുത്തുകയാണ് ചെയ്തത്.
കോവിഡ് കാരണം മരിച്ചവരുടെ ചിത്രം വച്ച് മാധ്യമം ഒരു ഫീച്ചർ തയാറാക്കിയിരുന്നു. പത്രത്തിൽ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ മരിച്ചവരുടെ പലരുടെയും ബന്ധുക്കൾ പ്രതിഷേധിച്ചു. ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാൻ ഒരു വാട്സ്ആപ്പ് മെസേജ് അന്നത്തെ കോണ്‍സുൽ ജനറലിന്റെ പിഎക്ക് അയച്ചു. സ്വപ്നയായിരുന്നു അന്ന് പി.എ. പേഴ്സണല്‍ മെയില്‍ ഐഡിയില്‍നിന്ന് കോണ്‍സല്‍ ജനറലിന്റെ ഒഫിഷ്യല്‍ ഐഡിയിലേക്ക് ഇതിന്റെ കോപ്പി അയക്കുകയും ചെയ്തു. ഇതില്‍ എവിടെയും ഏതെങ്കിലും പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടേയില്ല. ഇക്കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ഉചിതമായ നടപടി എടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗികമായി ആര്‍ക്കും കത്തെഴുതിയിട്ടില്ല. നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല. പത്രം നിരോധിച്ചാല്‍ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നേട്ടം തനിക്ക് ഉണ്ടാകുമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെയെന്നും ജലീല്‍ പറഞ്ഞു. കത്തെഴുതിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലെന്നും ജലീല്‍ അവകാശപ്പെട്ടു.
ഒരു ചെറിയ കാലയളവ് ഒരു ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ജീവിതത്തില്‍ ഇന്നുവരെ ഒരു ബിസിനസിലും പങ്കാളിത്തം ഉണ്ടായിട്ടില്ല. ഗള്‍ഫിലെന്നല്ല, ലോകത്ത് ഒരിടത്തും ബിസിനസ് ഇല്ല. കോണ്‍സുല്‍ ജനറലുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി തന്റെ എല്ലാ ബാങ്ക് അക്കൗണ്ടും പരിശോധിച്ചതാണ്. ഒരു രൂപയുടെ പോലും അവിഹിത സമ്പാദ്യം കണ്ടെത്താനായിട്ടില്ല. തന്റെ ഭാര്യയുടെയോ മക്കളുടെയോ അക്കൗണ്ടുകളിലേക്കും ആരും പണമയച്ചിട്ടില്ല. അവർ എല്ലാവരെയും തങ്ങളുടെ തുലാസിലിട്ട് തൂക്കുകയാണ്. തന്റെ സാമ്പത്തിക സ്രോതസ് എല്ലാവരും അന്വേഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.