യുഎസ് ജനപ്രതിനിധി സഭ സ്വവർഗ വിവാഹം സംരക്ഷിക്കുന്നതിനുള്ള ബിൽ പാസാക്കി. സ്വവർഗ വിവാഹത്തിന് ഫെഡറൽ സുരക്ഷ ലഭിക്കുന്നതാണ് നിയമം. 47 റിപ്പബ്ലിക്കന്മാരുടെ പിന്തുണയോടെ ഡെമോക്രാറ്റിക് നിയന്ത്രിത ചേംബറിൽ 267 വോട്ടിനാണ് ബിൽ പാസായത്. ദമ്പതികളുടെ വംശമോ, ലിംഗഭേദമോ, ദേശീയതയോ അടിസ്ഥാനമാക്കിയുള്ള വിവാഹത്തിന്റെ സാധുത നിഷേധിക്കുന്നതിനെ ബിൽ തടയുകയും ചെയ്യുന്നു.157 വോട്ടിനെതിരെ 267 വോട്ടുകൾക്കാണ് റെസ്‌പെക്ട് ഫോർ മാരേജ് ആക്ട് യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചത്. സെനറ്റിൽ കൂടി ബിൽ അംഗീകരിച്ചാൽ മാത്രമെ സ്വവർഗ വിവാഹം സംരക്ഷിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വരൂ.
ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള ബന്ധമാണ് വിവാഹമെന്ന് നിർവചിച്ച 1996ലെ ഡിഫൻസ് ഓഫ് മാരേജ് ആക്ട് ബിൽ 2013ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഈ നിയമം ഇപ്പോഴും പുസ്തകങ്ങളിൽ നിലനിൽക്കുന്നുണ്ട്. വിവാഹിതരായ സ്വവർഗ ദമ്പതികൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ബില്ലാണ് അന്ന് റദ്ദാക്കിയത്.