തിരുവനന്തപുരം : ഭരണ ഘടനയെ കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമാണെന്ന പ്രസ്താവനയെ തെറ്റായി കാണേണ്ടതില്ല. ബിജെപിക്കും ആര്‍എസ്എസ്സിനും ഭരണഘടന വേദഗ്രന്ഥമാണ്. സജി ചെറിയാനെ ഗോള്‍വാള്‍ക്കറുമായി താരതമ്യം ചെയ്ത വിഡി സതീശനുള്ള മറുപടിയാണ് നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിനെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വികലമായ മതേതര സങ്കൽപ്പമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് കൃഷ്ണദാസ് കുറിച്ചിരുന്നു. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭരണഘടനാ ഭേദഗതികൾ പ്രതീക്ഷിക്കാം. ഭരണഘടനയിൽ പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കൽപങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.
കശ്മീരിനുള്ള പദവി എടുത്തുമാറ്റിയത് ഗുരുജി ഗോൾവാൾക്കറുടെ ആശയഗതിയനുസരിച്ചാണ്. ഇന്ത്യ എന്നാൽ യൂണിയൻ സ്റ്റേറ്റ് എന്ന ഭരണഘടനയുടെ പ്രഖ്യാപനം തെറ്റാണ്. ഇന്ത്യ ആസേതു ഹിമാചലം ഒറ്റരാഷ്ട്രമാണ്. പാശ്ചാത്യ സങ്കൽപമായ സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല. അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങളിൽ ഭരണഘടനാ ഭേദഗതി വേണമെന്നും കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഫേസ്ബുക്ക് പോസ്റ്റിനെ ചില മാധ്യമങ്ങള്‍ അവരുടെ രീതിയില്‍ വ്യാഖ്യാനിച്ചു എന്നും ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമാണെന്ന് പറഞ്ഞതിനെ തെറ്റായി കാണേണ്ടതില്ല. ബിജെപിയെയും ആര്‍എസ്എസ്സിനെയും സംബന്ധിച്ച് ഭരണഘടന വേദഗ്രന്ഥമാണ്. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് മറ്റുള്ളവര്‍ നടത്തുന്ന വ്യാഖ്യാനങ്ങളോട് തനിക്ക് കടപ്പാടില്ല. സജി ചെറിയാന് നടത്തിയ പ്രസ്താവനയെ ഗുരുജി ഗോള്‍വാള്‍ക്കറുടെ നിരീക്ഷണവുമായി താരതമ്യം ചെയ്ത് അത് ഒന്നാണെന്നുള്ള വി.ഡി. സതീശന്റെ പ്രസ്താവനക്കെതിരെയായിരുന്നു തന്റെ പോസ്റ്റ്.
സജി ചെറിയാന് പറഞ്ഞതല്ല ഗുരുജി ഗോള്‍വാള്‍ക്കറുടെ നിരീക്ഷണം. വി.ഡി സതീശന്റെ ഈ പ്രസ്താവന അബദ്ധജടിലമാണ്. സജി ചെറിയാന് ഭരണഘടനയെ കണ്ടത് നിഷേധാത്മകമായാണ്. അതേസമയം ഗുരുജി ഭാവാത്മകമായാണ് ഭരണഘടനയെ കണ്ടത്. നിരന്തരം ആര്‍എസ്എസ്സിനെയും ബിജെപിയെയും വിമര്‍ശിക്കുന്ന വി.ഡി. സതീശന് മതഭീകരവാദികളെ വിമര്‍ശിക്കാന്‍ കഴിയുന്നില്ല. ബിജെപിയെ ആയിരം വട്ടം വിമര്‍ശിച്ചാലാണ് അദ്ദേഹം എല്‍ഡിഎഫിനെ ഒരുവട്ടം വിമര്‍ശിക്കുക. ബിജെപിയെയും ആര്‍എസ്എസ്സിനെയും വിമര്‍ശിക്കുന്നതിന്റെ ആയിരത്തിലൊന്നു പോലും മതഭീകരവാദികളെ വിമര്‍ശിക്കാന്‍ സതീശന് താത്പര്യം കാണിക്കാത്തതെന്തുകൊണ്ടാണ്.
എല്‍ഡിഎഫിന് അനുകൂലമായ നിലപാടുകളെടുക്കുകയും സിപിഎമ്മിനെ വെള്ളപൂശുകയും ചെയ്യുന്ന വി.ഡി സതീശന് പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹനല്ല. രാഷ്ട്രനിര്‍മ്മിതിക്കാധാരം സംസ്കൃതിയാണ്. മതേതരത്വം ഭാരതത്തിന്റെ സ്വത്വമാണ്. ഏകസിവില്‍കോഡ് മതേതരത്വത്തിന്റെ പ്രതീകമാണ്. ദീനദയാല്‍ജി ആവിഷ്കരിച്ച അന്ത്യോദയമെന്ന പ്രത്യയശാസ്ത്രമാണ് ബിജെപിയെ സംബന്ധിച്ച സോഷ്യലിസ്റ്റ് ആശയം.