തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടും വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടുമാണുള്ളത്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെലോ അലർട്ടും പ്രഖ്യാപിച്ചു.
കൂടിയ മഴയ്ക്കു സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചയിടങ്ങളിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണം. കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ് പ്രകാരം വടക്കൻ കേരളത്തിലെ ഇരുവഞ്ഞിപ്പുഴ (കോഴിക്കോട്), ചന്ദ്രഗിരി (കാസർകോട്), ചാലിയാർ (മലപ്പുറം), പുല്ലൻതോട് (പാലക്കാട്), പയസ്വിനി (കാസർകോട്), ചാലക്കുടി (തൃശൂർ), ഷിറിയ (കാസർകോട്), പെരിയാർ (എറണാകുളം), കണ്ണാടിപ്പുഴ (പാലക്കാട്), കുറ്റ്യാടി (കോഴിക്കോട്), കോതമംഗലം (എറണാകുളം) എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്.
തെക്കൻ കേരളത്തിലെ നെയ്യാർ (തിരുവനന്തപുരം) നദിയിലെ ജലനിരപ്പും ഉയരുന്നതായി മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളുടെയും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി അണക്കെട്ടിന്റെയും പരിസരങ്ങളിൽ റെഡ് അലർട്ട് നിലനിൽക്കുന്നു. തൃശൂരിലെ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ പരിസരങ്ങളിൽ ഓറഞ്ച് അലർട്ടാണുള്ളത്. ജലസേചനത്തിനായുള്ള മീങ്കര, മംഗലം അണക്കെട്ടുകളുടെ പരിസരങ്ങളിൽ ബ്ലൂ അലർട്ടുമുണ്ട്.
മലങ്കര (ഇടുക്കി), നെയ്യാർ (തിരുവനന്തപുരം), ശിരുവാണി (പാലക്കാട്), കുറ്റ്യാടി (കോഴിക്കോട്), കല്ലട (കൊല്ലം), കാരാപ്പുഴ (വയനാട്), കാഞ്ഞിരപ്പുഴ (പാലക്കാട്), മീങ്കര (പാലക്കാട്), പീച്ചി (തൃശൂർ), മണിയാർ (പത്തനംതിട്ട), ഭൂതത്താൻകെട്ട് (എറണാകുളം), മംഗലം, മൂലത്തറ (പാലക്കാട്), പഴശ്ശി (കണ്ണൂർ) അണക്കെട്ടുകളിൽനിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണം. ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ സേനയുടെ ഓരോ സംഘങ്ങളെ വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലായി സജ്ജമാക്കി. സിവിൽ ഡിഫൻസ് അക്കാദമിയുടെ രണ്ട് സംഘങ്ങളെയും തയാറാക്കി നിർത്തിയിട്ടുണ്ട്.