ന്യൂഡല്‍ഹി: അമർനാഥ് പ്രളയത്തിന് കാരണം മേഘ വിസ്ഫോടനം അല്ലെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പ്രളയത്തിന് കാരണം മേഘ വിസ്ഫോടനം അല്ലെന്നും, മലമുകളിൽ പെയ്ത ശക്തമായ മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ മൃത്യുഞ്ചയ് മോഹപാത്ര അറിയിച്ചു.
ദുരന്തത്തിൽ മരണം 16 ആയി. കാണാതായ 40 പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതമായി തുടരുന്നു. കരസേന, എൻഡിആർഎഫ്, എസ്എഡിആർഎഫ്, ബിഎസ്എഫ് എന്നിവരുടെ നേതൃത്ത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തീർത്ഥ യാത്ര ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുനരാംരഭിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രദേശത്ത് ശക്തമായ മഴ തുടരുമ്പോഴും രക്ഷപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. ദുരന്ത മേഖലയിൽ നിന്ന് 15,000ത്തോളം ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ വ്യോമ മാര്‍ഗം ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 35 പേർ ഇന്ന് ആശുപത്രി വിട്ടു.
പതിനേഴ് പേർ കൂടി ഉടന്‍ ആശുപത്രി വിടും. പരിക്കേറ്റവരെ ജമ്മുകശ്മീര്‍ ലെഫ് ഗവർണർ മനോജ് സിൻഹ ആശുപത്രിയില്‍ എത്തി കണ്ടു. മണ്ണിനടിയില്‍ പുതഞ്ഞുപോയ രണ്ട് പേരെ രക്ഷാപ്രവർത്തകര്‍ക്ക് ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാഹചര്യം മെച്ചപ്പെട്ടതിനാല്‍ അമർനാഥ് തീർത്ഥാടനം രണ്ടോ മൂന്നോ ദിവത്തിനുള്ളില്‍ തുടങ്ങാനാകുമെന്ന് സി ആർ പി എഫ് ഡയറക്ടർ ജനറല്‍ കുല്‍ദീപ് സിങ് അറിയിച്ചു.
പ്രളയമുണ്ടായതിന് പിന്നാലെ പുറത്ത് കടക്കാന്‍ വലിയ തിരക്കുണ്ടായെങ്കിലും രക്ഷാപ്രവർത്തകരുടെ സഹായം ലഭിച്ചതായി രക്ഷപ്പെട്ടവർ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണം വേണമെന്ന് നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. അപകടരമായ സ്ഥലത്ത് ടെന്റുകള്‍ അനുവദിക്കപ്പെട്ടതിൽ അന്വേഷണം വേണം. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായ ധനം പ്രഖ്യാപിക്കണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഇതിനിടെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡിലെ കേദാർനാഥ് യാത്രയും നിര്‍ത്തിവെച്ചു.