കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ ഔദ്യോഗിക വസതി കൈയടക്കിയ പ്രക്ഷോഭകർ നീന്തൽക്കുളത്തിൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വസതിയുടെ അടുക്കളയിൽ കയറിയ ജനക്കൂട്ടം ഭക്ഷണ വസ്തുക്കൾ എടുത്തു കഴിച്ചു.
പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് രാജ്യതലസ്ഥാനത്തെ വസതിയില്‍ കയറിക്കൂടിയത്. പ്രസിഡന്റിന്റെ കിടപ്പ് മുറിയിലും പ്രക്ഷോഭകർ ആറാടുകയാണ്. ജനക്കൂട്ടം ഇവിടെ നിന്നെല്ലാം സെൽഫി പകർത്തി പ്രചരിപ്പിക്കുന്നുണ്ട്.
Protestors taking a dip in the pool at President’s House. pic.twitter.com/7iUUlOcP6Z
— DailyMirror (@Dailymirror_SL) July 9, 2022
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞത്.
സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്സെ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെട്ടു.
ശ്രീലങ്കന്‍ പതാകകള്‍ കയ്യിലേന്തി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചുകയറിയത്. അതേസമയം തലസ്ഥാനമായ കൊളംബോയിലേക്ക് കൂടുതല്‍ പേര് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് രാജ്യം വിട്ടിട്ടുണ്ട്. അദ്ദേഹം സുരക്ഷിത കേന്ദ്രത്തിൽ ഒളിവിലാണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന വിവരം. റെനിൽ വിക്രമസിംഗെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. സ്പീക്കർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ പ്രസിഡന്റ് രാജി വയ്ക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ലങ്കയില്‍ പ്രക്ഷോഭം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പ്രക്ഷോഭം കനത്തതോടെ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോതബായ പ്രസിഡന്റായി തുടരുകയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നിട്ടുണ്ട്. 15 ഓളം എംപിമാര്‍ പ്രസിഡന്റിനെതിരേ രംഗത്തെത്തി. ഇതിനിടെ പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിസന്നദ്ധത അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു സൈനിക കപ്പലില്‍ ഇരുന്നാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം.