ബോളിവുഡ് നടനും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബറിന് തടവ് ശിക്ഷ. പോളിംഗ് ഓഫീസറെ ആക്രമിച്ച കേസില്‍ ആണ് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും 8500 രൂപ പിഴയും നടനെതിരെ വിധിച്ചത്. 1996 മെയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.ഉത്തര്‍പ്രദേശിലെ കോടതിയാണ് വിധി പറഞ്ഞത് . രാജ് ബബ്ബര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയെന്നും ആക്രമിച്ചെന്നും തെളിഞ്ഞതായി കോടതി പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 143, 332, 353, 323, 504, 188 വകുപ്പുകള്‍ ചുമത്തി. ജനപ്രാതിനിധ്യ നിയമത്തിന് പുറമെ ക്രിമിനല്‍ നിയമ ഭേദഗതി നിയമവും ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.
സമാജ്വാദി പാര്‍ട്ടി സ്ഥാനാർത്ഥിയായി രാജ് ബബ്ബര്‍ ലഖ്നൗവില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കാരണമായത്. പിന്നാലെ വസീര്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പോളിങ് ഓഫീസര്‍ പരാതി നല്‍കുകയായിരുന്നു.