സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ 11 മുതല്‍ അപേക്ഷിക്കാം . ജൂലൈ 18 വരെയാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി.സെപ്റ്റംബര്‍ 30ന് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ജൂലൈ 21 നാണ് ട്രയല്‍ അലോട്ട്മെന്റ്. ജൂലൈ 27നാണ് ആദ്യ അലോട്ട്മെന്റ്. മൂന്ന് പ്രധാന അലോട്ട്മെന്റുകളാണ് നടത്തുക. ആഗസ്റ്റ് 11ന് അവസാന അലോട്ട്മെന്റും പൂര്‍ത്തിയാക്കി 17ന് തന്നെ ക്ലാസ്സുകള്‍ ആരംഭിക്കും. തുടര്‍ന്ന് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും.
ആദ്യ ഘട്ട അലോട്ട്മെന്റില്‍ സ്പോര്‍ട്സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍ പ്ലസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ സ്പോര്‍ട്ട്സ് ക്വാട്ടയില്‍ അഡ്മിഷന് ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്കൂള്‍/കോഴ്സുകള്‍ ഓപ്ഷനായി ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം.നീന്തലിന് നല്‍കിവന്ന രണ്ട് ബോണസ് പൊയിന്റ് ഇത്തവണ ഒഴിവാക്കി.
ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.