ടെസ്‌ല തലവനും ലോകത്തെ അതിസമ്പന്നനുമായ ഇലോൺ മസ്‌ക് വീണ്ടും ഇരട്ടകളുടെ അച്ഛനായതായി റിപ്പോർട്ട്. സ്വന്തം കമ്പനിയിലെ എക്‌സിക്യൂട്ടീവുമായുള്ള ബന്ധത്തിലാണ് മസ്‌കിന് കഴിഞ്ഞ വർഷം ഇരട്ടകൾ പിറന്നതെന്നാണ് വിവരം. യു.എസ് ബിസിനസ് വാർത്താ പോർട്ടലായ ‘ബിസിനസ് ഇൻസൈഡർ’ ആണ് വാർത്ത പുറത്തുവിട്ടത്. ഇതോടെ, മൂന്നു പേരിലായി മസ്‌കിന്റെ മക്കളുടെ എണ്ണം ഒൻപതായി.
മസ്‌കിനു കീഴിലുള്ള ബ്രെയിൻ ചിപ്പ് വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ‘ന്യൂറാലിങ്ക്’ എക്‌സിക്യൂട്ടീവായ ഷിവോൺ സിലിസുമായുള്ള ബന്ധത്തിലാണ് മസ്‌ക് രണ്ട് കുഞ്ഞുങ്ങളുടെ കൂടി അച്ഛനായിരിക്കുന്നത്. കുഞ്ഞുങ്ങളുടെ പേരുമാറ്റത്തിനായി മസ്‌കും സിലിസും കഴിഞ്ഞ ഏപ്രിലിൽ കോടതിയെ സമീപിച്ചിരുന്നു. കുഞ്ഞുങ്ങളുടെ പേരിൽ അച്ഛന്റെയും അമ്മയുടെയും പേരുകൂടി ചേർത്ത് തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ സമർപ്പിച്ചത്. ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഈ അപേക്ഷയിൽനിന്നാണ് മസ്‌ക് വീണ്ടും ഇരട്ടകളുടെ അച്ഛനായതായുള്ള വാർത്തകൾ പുറത്തുവന്നത്.
മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയാൽ കമ്പനിയെ നയിക്കാനെത്തുക 36കാരിയായ സിലിസ് ആയിരിക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകളുണ്ടായിരുന്നു. മസ്‌ക് സഹസ്ഥാപകനായ ന്യൂറാലിങ്കിൽ ഓപറേഷൻസ് ഡയരക്ടറാണ് നിലവിൽ അവർ. 2017ലാണ് കമ്പനിയിൽ ചേരുന്നത്. ഇതേസവർഷം തന്നെ ടെസ്‌ലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) വിഭാഗത്തിൽ പ്രോജക്ട് ഡയരക്ടറുമായി. പിന്നീട് മസ്‌കിന്റെ നേതൃത്വത്തിൽ ആരംഭിച്ച എ.ഐ ഗവേഷണ സ്ഥാപനമായ ‘ഓപൺഎ.ഐ’യുടെ ബോർഡ് അംഗവുമായി. കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസൻ, ബ്രിട്ടീഷ് നടിയും എഴുത്തുകാരിയുമായ താലൂല റൈലി, കനേഡിയൻ ഗായിക ഗ്രിംസ് എന്നിവരിലായി മസ്‌കിന് ഔദ്യോഗികമായി ഏഴ് മക്കളുണ്ട്. സേവ്യർ, ഗ്രിഫിൻ എന്നിങ്ങനെ ഇരട്ടകളും കാ, സാക്സൻ, ഡാമിന, X Æ A-Xii, ssh എന്നിങ്ങനെയാണ് മക്കളുടെ പേര്. ഇതിൽ ജസ്റ്റിൻ, താലൂല എന്നിവരുമായി മസ്‌ക് നേരത്തെ വേർപിരിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഗ്രിംസിൽ മസ്‌കിന് ഒരു കുഞ്ഞ് ജനിച്ചത്. നിലവിൽ ഇരുവരും പാതി വേർപിരിഞ്ഞിരിക്കുകയാണെന്നാണ് വിവരം.