തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ വ്യാഴവും വെള്ളിയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇതിനു പുറമെ ആലപ്പുഴയിൽ വ്യാഴവും മലപ്പുറം ജില്ലയിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.