കൊല്‍ക്കത്ത: ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ബി.ജെ.പി. നടത്തിയ ഗൂഢാലോചനയാണ് പ്രവാചകനിന്ദ സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിലെന്നും മമത കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഈസ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
‘എന്തുകൊണ്ടാണ് നൂപുര്‍ ശര്‍മയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്? ഇതൊരു ഗൂഢാലോചനയാണ്-വിദ്വേഷം പ്രചരിപ്പിക്കാനുള്ള നയം, ഭിന്നതയുണ്ടാക്കാന്‍ ബിജെപിയുടെ നയം’. മമത പറഞ്ഞു. ‘തീ കൊണ്ട് നിങ്ങള്‍ക്ക് കളിക്കാനാവില്ല, അതുകൊണ്ടാണ് നൂപുര്‍ ശര്‍മയുടെ അറസ്റ്റിനായി ആവശ്യമുയരുന്നത്’- നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മമത മറുപടി നല്കി.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍ തുടങ്ങി എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയാണ് താനും തന്റെ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.