ഹൈദരാബാദ്: കേരളമടക്കം ദക്ഷിണേന്ത്യ പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി. പ്രത്യേക പ്രമേയത്തിലൂടെയാണ് പാർട്ടി പുതിയ നീക്കങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ അവസാനിക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തെലങ്കാനയിൽ പ്രധാനമായും കണ്ണുവയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ വാക്കുകൾ. ഹൈദരബാദിനെ ഭാഗ്യനഗർ എന്നായിരുന്നു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബി ജെ പി അധികാരത്തിൽ വന്നാൽ ഹൈദരാബാദിനെ ഭാഗ്യ നഗർ ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ബി ജെ പി വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ടാണ് മോദി പിന്നീട് സംസാരിച്ചത്. കേരളത്തിലും ബംഗാളിലും തെലങ്കാനയിലും ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. വെല്ലുവിളികൾക്കിടയിലും പ്രവർത്തിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മോദി വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇന്ന് ദേശീയ എക്സിക്യൂട്ടീവിൽ പുതിയ സംസ്ഥാനങ്ങൾ പിടിച്ചെടുക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പി ഇതുവരെ ഭരണം പിടിക്കാത്ത കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടൻ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നത്. ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലും അധികം വൈകാതെ ഭരണത്തിലേറുമെന്ന ആത്മവിശ്വാസം പ്രമേയത്തിലുണ്ട്.
തെലങ്കാനയിലെയും ബംഗാളിലെയും കുടുംബാധിപത്യ വാഴ്ച അവസാനിപ്പിക്കുമെന്നാണ് പ്രമേയത്തിലെ മറ്റൊരു പ്രഖ്യാപനം. അടുത്ത 30-40 വർഷം ബി.ജെ.പിയുടെ യുഗമായിരിക്കുമെന്ന അവകാശവാദവും അമിത് ഷാ നടത്തിയിട്ടുണ്ട്. രാജ്യം വിശ്വഗുരു(ആഗോള നേതാവ്) ആയി മാറുമെന്നും ഷാ പ്രഖ്യാപിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന സുപ്രിംകോടതി വിധിയെക്കുറിച്ചും യോഗത്തിൽ അമിത് ഷാ പ്രതികരിച്ചു. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമർപ്പിച്ച ഹരജി തള്ളിയെ കോടതിവിധിയെ ഷാ സ്വാഗതം ചെയ്തു.