തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അടുത്ത 4 ദിവസത്തേക്ക് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇന്ന് 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. വടക്കൻ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്.