കോഴിക്കോട്: എ.കെ.ജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് സി.പി.എം നടത്തിയ റാലിക്കിടെ സി.പി.എം നേതാവിന്‍റെ പ്രകോപന പ്രസംഗം. കോഴിക്കോട് ഏരിയ കമ്മിറ്റി അംഗം ഒ.എം ഭരദ്വാജാണ് പ്രകോപന പ്രസംഗം നടത്തിയത്.
കോണ്‍ഗ്രസുകാരെ വെള്ളപുതപ്പിച്ച് കിടത്തുമെന്നാണ് പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. കെ സുധാകരന് ഭ്രാന്താണെങ്കില്‍ ചങ്ങലക്കിടണമെന്നും ഭരദ്വാജ് പ്രസംഗത്തില്‍ പറഞ്ഞു.
“ഞങ്ങളും എറിഞ്ഞിട്ടുണ്ട്.. നിങ്ങളെ പോലെ പിപ്പിടി കാട്ടി മതിലിൽ എറിഞ്ഞ് പോവുകയല്ല ഞങ്ങൾ ചെയ്യുക. ഞങ്ങൾ എവിടെയാണോ ലക്ഷ്യം വക്കുന്നത് ആ ലക്ഷ്യ സ്ഥാനത്തേക്ക് തന്നെ എറിയും. ഞങ്ങളെ കൊണ്ട് അത് ചെയ്യിച്ചാൽ എല്ലാത്തിനേയും വെള്ള പുതപ്പിച്ച് കിടത്താൻ പ്രസ്ഥാനത്തിന് അറിയാം”- ഭരദ്വാജ് പറഞ്ഞു.
‘ആറ് വര്‍ഷമായി അധികാരമില്ലാത്തതിന്റെ ഭ്രാന്താണ് സുധാകരന്. അദ്ദേഹത്തിന് ഭ്രാന്താണെങ്കില്‍ ചങ്ങലക്കിടണം. അതല്ലാതെ ഗുണ്ടാ സംഘങ്ങളെ സിപിഎമ്മിന്റെ ആസ്ഥാനം ആക്രമിക്കാന്‍ പറഞ്ഞയക്കുകയല്ല ചെയ്യേണ്ടത്.’, ഭരദ്വാജ് പറഞ്ഞു.
നേരത്തേ പ്രകോപന മുദ്രാവാക്യവുമായി എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ സിപിഎമ്മിന്‍റെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. കൈ വെട്ടും, കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.