തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന ബോംബേറ് കെപിസിസി അധ്യക്ഷനായ കെ സുധാകരന്റെ അറിവോടെയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി ഓഫീസില്‍ ബോംബ് നിര്‍മ്മിച്ച വ്യക്തിയാണ് സുധാകരന്‍. കെപിസിസി അധ്യക്ഷനായപ്പോള്‍ സുധാകരന്‍ ബോംബ് രാഷ്ട്രീയം തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും എംവി ജയരാജന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഇ.ഡി വേട്ടയാടിയപ്പോള്‍ തോട്ടിന്റെ കരയില്‍ പോലും പോയി പ്രതിഷേധിക്കാത്ത ആളാണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു.
തീക്കളി തുടർന്നാൽ കൈയ്യും കെട്ടി നോക്കിനിൽക്കില്ല. ജനങ്ങളെ അണിനിരത്തി നേരിടും സംയമനം ബലഹീനതയായി കാണരുതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു..
അതേസമയം, എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനെന്ന് എഫ്ഐആർ. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും പോലീസിന് പ്രതിയെ പിടികൂടാനായില്ല. വ്യാഴാഴ്ച രാത്രി മുതൽ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചില്ല.