ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഒരുമാസമായിട്ടും മറുപടിയില്ലെന്ന് രാഹുൽ ഗാന്ധി. ജനാഭിലാഷമനുസരിച്ച് മുഖ്യമന്ത്രി പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ബഫർസോൺ വിഷയത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ യു.ഡി.എഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഫർസോണിൽ ജനവാസ കേന്ദ്രങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് യു.ഡി.എഫ് നിലപാട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് എൽ.ഡി.എഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെയും രാഹുൽ ഗാന്ധി റാലിയിൽ ആഞ്ഞടിച്ചു. അഞ്ച് ദിവസം ചോദ്യം ചെയ്യിപ്പിച്ചാൽ എന്നെ ഭയപ്പെടുത്താനാകുമെന്ന് പ്രധാനമന്ത്രി വിചാരിക്കുന്നു. തന്റെ ഓഫീസിന് നേരെ അക്രമം നടത്തി ഭീഷണിപ്പെടുത്താമെന്ന് സി.പി.എമ്മും കരുതുന്നു. ആത്മധൈര്യമില്ലാത്തതിനാലാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമത്തിന്റെ പാത സ്വീകരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.