തൃശ്ശൂര്‍: അതിരപ്പിള്ളി മേഖലയില്‍ കാട്ടുപന്നികള്‍ ആന്ത്രാക്സ് ബാധിച്ച് ചത്ത സാഹചര്യത്തില്‍ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രദേശത്തെ കന്നുകാലികള്‍ക്കുള്ള വാക്സിനേഷനാണ് തുടങ്ങിയത്. വളര്‍ത്തുമൃഗങ്ങളിലേക്ക് ആന്ത്രാക്സ് പടര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലയില്‍ ഏഴ് കാട്ടുപന്നികളാണ് ആന്ത്രാക്സ് ബാധിച്ച് ചത്തത്. മണ്ണൂത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ നടത്തിയ പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.