കൊച്ചി: ഇക്കോ സെൻസിറ്റീവ് സോൺ/ബഫർ സോൺ സംരക്ഷിതവനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കണമെന്ന് കെസിബിസി. ഈ ആവശ്യവുമായി തങ്ങളുടെ പ്രതിനിധികൾ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും കെസിബിസി വാർത്താകുറിപ്പിൽ അറിയിച്ചു.
രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം കേരളത്തിലെ സാമാന്യജനങ്ങളെ ബാധിക്കുന്ന വിഷയമാണ് വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമായി ഒരു കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ/ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ജൂൺ മൂന്നിലെ സുപ്രിംകോടതി വിധിയെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
സ്വന്തം ആവശ്യത്തിനല്ലാതെ കൃഷി ചെയ്യുന്നതും മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നതു പോലും നിരോധിക്കപ്പെട്ടിരിക്കുന്ന ഇടമാണ് ബഫര്‍ സോണ്‍. ഇതിനുള്ളില്‍ വരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രഖ്യാപിത കുടിയിറക്കലിന് ഇരയായി, ജനിച്ച മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
എല്ലാവിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടല്‍ നടത്തണം. സംസ്ഥാന സര്‍ക്കാർ ബഫല്‍ സോണ്‍ കേരളത്തിന്റെ സംരക്ഷിത വനത്തിന്റെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കണം.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണമെന്ന പ്രമേയം നിയമസഭ പാസാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ചു കെസിബിസി പ്രതിനിധികൾ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണും.