തൊടുപുഴ: പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ആണെന്ന് സിപിഎം വ്യക്തമാക്കി. പ്രതിഷേധിച്ചാൽ ധീരജിന്റെ ഗതി ഉണ്ടാകും എന്ന ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യുവിന്‍റെ മുരിക്കാശ്ശേരിയിലെ പ്രസ്താവന ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. ഡിസിസി പ്രസിഡണ്ടിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡണ്ടിനെതിരെ കേസെടുക്കാനായി സിപിഎം നിയമപരമായി നീങ്ങും. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധീരജിൻറെ പിതാവ് രാജേന്ദ്രൻ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും സി വി വർഗീസ് വ്യക്തമാക്കി.