തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളില്‍ 1,285 പേര്‍ ആശുപത്രികളിലും 239 പേര്‍ ഐസിയുവിലും 42 പേർ വെന്റിലേറ്ററുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
















