സ്വർണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് വി ഡി സതീശൻ. സോളാര്‍ കേസില്‍ സരിതയുടെ പരാതിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പോലെ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്ന് സതീശന്‍ ചോദിച്ചു.
ഒരു കഥയും യുഡിഎഫ് മെനഞ്ഞതല്ല, എല്ലാം കൊണ്ട് വന്നത് സര്‍ക്കാര്‍ നിയമിച്ച സ്വപ്ന സുരേഷാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വ സ്വാതന്ത്രം ഉള്ള ആളായിരുന്നു സ്വപ്ന. സ്വന്തം സെക്രട്ടറി എല്ലാ ദിവസവും വൈകീട്ട് എവിടെ പോയി എന്ന് ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടായിരുന്നോ എന്നും സതീശന്‍ വിമര്‍ശിച്ചു. ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ സ്വപ്നയെ വെച്ചപ്പോഴും മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലേ എന്നും കെ ടി ജലീൽ കൊടുത്ത കേസിലെ സാക്ഷി നിരവധി തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരാണെന്നും പരിഹസിച്ച സതീശന്‍, സോളാർ കേസ് മൂന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചിട്ടും എന്തായെന്നും ചോദിച്ചു.
സരിതയെ വിളിച്ച് വരുത്തി ഉമ്മൻചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി സ്വപ്നയെ സംശയിക്കുമ്പോൾ ചിരിക്കുക അല്ലാതെ എന്ത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതി ശിവശങ്കർ പുസ്തകം എഴുതിയപ്പോൾ ഒരു നടപടിയും സ്വീകരിച്ചില്ല. ഒരേ കേസിൽ 2 പ്രതികൾക്ക് രണ്ട് നീതിയാണ് നടപ്പാക്കിയതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.