എറണാകുളം കളക്ട്രേറ്റ് വളപ്പിൽ കോൺഗ്രസ് യൂണിയൻ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. മെഡിസെപ്പ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ എൻജിഒ അസോസിയേഷൻ കളക്ടറേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഘർഷം . ഉദ്ഘാടകനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കളക്ടറേറ്റ് വളപ്പിൽ യൂണിയൻ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.
ഒന്നിലധികം വ്യക്തികൾ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യാൻ രംഗത്തെത്തിയതാണ് വിഷയങ്ങൾക്ക് തുടക്കമിട്ടത്. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാൻ ജില്ലാ പ്രസിഡൻ്റ് ആൻ്റണി സാലുവും ജില്ലാ സെക്രട്ടറി റ്റിവി ജോമോൻ എന്നിവരാണ് രംഗത്തെത്തിയത്. ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നേതാക്കൾ ഇരുഭാഗത്തുമായതോടെ പ്രവർത്തകരും ഇരുവശത്തും നിരന്നു.
ഉദ്ഘാടകനെച്ചൊല്ലി ഇരുവിഭാഗവും ചേരിതിരിഞ്ഞതോടെ മറ്റൊരാൾ ഉദ്ഘാടകനായി രംഗത്തെത്തുകയായിരുന്നു. ബ്രാഞ്ച് പ്രസിഡൻ്റിൻ്റെ താത്കാലിക ചുമതല വഹിക്കുന്ന എഎൻ സനന്താണ് ഇതിനിടയിൽ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. മെെക്കുമായി പോയ ജില്ലാ സെക്രട്ടറിയെ ജില്ലാ പ്രസിഡന്റെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചതോടെ വിഷയം സംഘർഷത്തിലേക്ക് എത്തി.