തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇന്നും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരും. സംസ്ഥാന വ്യാപകമായി തന്നെ ഇന്നലെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധം വളരെയധികം അക്രമാസക്തമാകുകയും ചെയ്തു. മന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധവും ഇന്നലെ ഉണ്ടായി.
ആരോഗ്യമന്ത്രി വീണ ജോർജിനും ജല മന്ത്രി റോഷി അഗസ്ത്യനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നേരേ കരിങ്കൊടി കാട്ടിയിരുന്നു. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരും. രാഹുലിന്‍റെ തല്ലിത്തകര്‍ത്തവര്‍ക്ക് മുന്നറിയിപ്പുമായി കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് ഇന്നലെ വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ ആരും കാണില്ലെന്നായിരുന്നു കെ സുധാകരന്‍റെ മുന്നറിയിപ്പ്. ഓഫീസ് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപണം ഉയർത്തുന്നു.
















