കോഴിക്കോട്: ബേപ്പൂരില്‍ ഇലക്ട്രിക് പോസ്റ്റ് തലയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ കസ്റ്റഡിയില്‍. കരാറുകാരന്‍ ആലിക്കോയയെയാണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കുറ്റകരമായ നരഹത്യക്ക് ബേപ്പൂർ പൊലീസ് ഇന്ന് കേസെടുത്തിരുന്നു.
ബേപ്പൂർ സ്വദേശി അർജ്ജുൻ ആണ് വൈദ്യുതി പോസ്റ്റ് വീണ് മരിച്ചത്. അപകടത്തിന്‍റെ ഉത്തരവാദിത്വം കരാറുകാരനാണെന്നും കെഎസ്ഇബി അറിയാതെയാണ് പോസ്റ്റ് നീക്കിയതെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി സുധാകരൻ പറഞ്ഞിരുന്നു.
കോഴിക്കോട്-ബേപ്പൂര്‍ പാതയില്‍ നടുവട്ടത്ത്, ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടമുണ്ടായത്. പുതിയ വൈദ്യുത പോസ്റ്റുകളിട്ട ശേഷം പഴയ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുകയായിരുന്നു കെഎസ്ഇബി കരാറുകാര്‍. പൊടുന്നനെ പഴയ പോസ്റ്റ് മറിഞ്ഞ് റോഡിലേക്ക് പതിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ, വീട്ടിലേക്ക് പോവുകയായിരുന്നു ബേപ്പൂര്‍ സ്വദേശി അര്‍ജ്ജുന്‍റെ തലയ്ക്ക് മുകളിലേക്കാണ് പോസ്റ്റ് വീണത്. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഗതാഗതം നിയന്ത്രിക്കാതെയും ശരിയായ രീതിയില്‍ കയറിട്ട് കെട്ടാതെയും പോസ്റ്റ് മുറിച്ചുമാറ്റിയതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
















