അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് അടുക്കുകയാണ്. അത് മുന്നില്‍ക്കണ്ട് പ്രസിഡന്റ് ഡൊണാാള്‍ഡ് ട്രമ്പ് കരുക്കള്‍ നീക്കിത്തുടങ്ങി. വന്‍ പ്രഖ്യാപനങ്ങളും തന്ത്രങ്ങളുമായി തെരഞ്ഞെടുപ്പ് വിജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് ട്രമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. നവംബറില്‍ നടക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നാണ് ട്രമ്പിന്‌റെ വാദം. അങ്ങനെ നിലനിര്‍ത്തിയാ ഓരോ മുതിര്‍ന്ന അമേരിക്കന്‍ പൗരനും 5,000 ഡോളര്‍ (ഏകദേശം 4.75 ലക്ഷം രൂപ) വീതം നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാലസില്‍ നടന്ന റിപ്പബ്ലിക്കന്‍ മിഡ്ടേം കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.
പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ ഒരു ട്രില്യണ്‍ ഡോളറിലധികം തുക എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന്, രാജ്യം അതിനുള്ള പണം സമ്പാദിക്കുന്നുണ്ടെന്നാണ് ട്രമ്പ് നല്‍കിയ മറുപടി. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് കരുതി എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അണികളോട് അഭ്യര്‍ഥിച്ചു.
യു.എസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും ട്രമ്പ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം എണ്ണവില കുത്തനെ കുറയുമെന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നശേഷം നടപ്പിലാക്കിയ നികുതി വെട്ടിക്കുറയ്ക്കല്‍, അതിര്‍ത്തി സുരക്ഷ ശക്തമാക്കല്‍, മരുന്നുകളുടെ വിലക്കുറവ് എന്നിവയാണ് ട്രംപ് പ്രധാന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിയത്. ഡെമോക്രാറ്റുകള്‍ ജയിച്ചാല്‍ യുഎസ് കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ട്രംപ് പറഞ്ഞു. സ്വന്തം പാര്‍ട്ടി നിലപാടുകളോട് വിയോജിപ്പുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്റെ വീഡിയോ സന്ദേശവും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.
അതേസമയം, അമേരിക്കയില്‍ വിലക്കയറ്റം ഉയരുന്നതും ഇറാനുമായി തുടരുന്ന യുദ്ധവും വോട്ടര്‍മാര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ട്രമ്പിന്റെ ജനപ്രീതി നിരക്ക് 30 ശതമാനത്തിലേക്ക് താഴ്‌ന്നെന്നും ഫലങ്ങള്‍ പറയുന്നു. ഹൗസിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനഫലങ്ങള്‍.

















