പാര്‍ട്ടി അനുമതിയില്ലാതെ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത കെ.എന്‍.എ ഖാദറിനെതിരെ മുസ്‍ലിം ലീഗ് നേതൃത്വം അച്ചടക്ക നടപടിക്ക്. സംസ്ഥാന കമ്മിറ്റിയംഗമായ ഖാദറിന്റെ വിശദീകരണം കിട്ടിയാല്‍ നാളെ പാണക്കാട് യോഗം ചേര്‍ന്ന് നടപടി തീരുമാനിക്കും. ആര്‍.എസ്.എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം. കെ.എൻ.എ ഖാദറിനെതിരെ നടപടി വേണമോയെന്ന കാര്യം വിശദീകരണം കേട്ടശേഷം തീരുമാനിക്കും. സാദിഖലി തങ്ങൾ നടത്തുന്നത് മതസൗഹാർദ പരിപാടിയാണ് ഇതിൽ ആർഎസ്എസുകാരെ വിളിക്കാറില്ലെന്നും പി എം എ സലാം പറഞ്ഞു.
സൗഹൃദ സംഗമ പര്യടനത്തെക്കുറിച്ചും പരിശോധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. വർഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. എം.എം മണിക്കെതിരെയുള്ള പി.കെ ബഷീറിന്റെ പ്രസംഗം ശ്രദ്ധയിൽപെട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. ഒരു പരിപാടിക്ക് ക്ഷണിച്ചാൽ അതിനെക്കുറിച്ച് മനസിലാക്കണം. കെ.എൻ.എ ഖാദർ നൽകിയ വിശദീകരണത്തിലും ആക്ഷേപമുണ്ട്. ആർ.എസ്.എസിനെക്കുറിച്ച് മുസ്ലിം ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ സമാധാനം കെടുത്താൻ ശ്രമിക്കുന്നവരാണവർ, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആർ.എസ്.എസുമായി ഒരുനിലക്കും സഹകരിക്കാൻ പാടില്ലെന്ന പഴയ നിലപാടിൽ ഒരുമാറ്റവുമില്ലെന്നും പി.എം.എ സലാം പറഞ്ഞു.
















